നാം  കാണുന്ന പ്രപഞ്ചത്തിൻ്റെയെല്ലാം മൂലകാരണം എന്താണെന്നുള്ള വൈദിക ഋഷിമാരുടെ അന്വേഷണങ്ങൾ വേദങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എവിടെയും നിറഞ്ഞു നിൽക്കുന്ന പരബ്രഹ്മം എന്ന ഏക കാരണത്തിന്റെ വിവിധ നാമരൂപങ്ങൾ മാത്രമാണ് ഈ പ്രപഞ്ചമെന്ന് അവർ അന്തർദൃഷ്ട്യാ കണ്ടെത്തി. അദ്വതീയമായ ആ ബ്രഹ്മസ്വരൂപത്തെ ഭക്തർ ഈശ്വരനായി ആരാധിക്കുന്നു. പരബ്രഹ്മസ്വരൂപനായ ഈശ്വരൻ തന്നിലുള്ള
ശക്തി കൊണ്ടാണ് സൃഷി സ്ഥിതി സംഹാരങ്ങൾ നിർവഹിച്ചുവരുന്നത്. ഈശ്വരന്റെ ശക്തി ചൈതന്യം ഈശ്വരനിൽ നിന്നും ഭിന്നമല്ല . ആ ചൈതന്യത്തിൻറെ വിവിധ  ഭാവങ്ങളാണ് വിവിധ ദേവീ സങ്കല്പങ്ങളായ ദുർഗയും സരസ്വതിയും ലക്ഷ്മിയും പാർവതിയും ഭദ്രകാളിയുമെല്ലാം . ഭക്തരുടെ വ്യത്യസ്‌തങ്ങളായ അഭീഷ്ടങ്ങളെ പ്രദാനം ചെയ്യുന്നതിനായി അനുയോജ്യമായ രൂപവും നാമവും സ്വീകരിക്കുന്നു.ഭക്തർക്ക് ഏറ്റവും ആകർഷണീയമായ മാതൃഭാവത്തിൽ വാത്സല്യം ചൊരിഞ്ഞുകൊണ്ട് മഹാമായസ്വരൂപിയായ ജഗദംബിക , ഇവിടെ അരയൻകാവ് ഭഗവതി ക്ഷേത്രത്തിൽ ശ്രീ കാളി രൂപത്തിൽ സന്നിഹിതയായി ഭക്തരെ ഏറ്റവും അനുഗ്രഹീതരും കൃതാർത്ഥരും ആക്കിത്തീർക്കുന്നു